ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1963-ലാണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് മൊകേരി പഞ്ചായത്ത്, പാനൂര്‍ മുൻസിപ്പാലിറ്റി, വടക്ക് പാട്യം പഞ്ചായത്ത്, തെക്കും, കിഴക്കും ഭാഗങ്ങളില്‍ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 29.77 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിലെ ആകെ ജനസംഖ്യ 39392 ആണ്. 91 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഭൂപ്രകൃതിയില്‍ ഇടനാട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രധാന കാര്‍ഷികയിനങ്ങള്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബര്‍, കശുമാവ്, വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവയാണ്. പുത്തൂര്‍ പുഴയും, കൊളവല്ലൂര്‍ പുഴയും പഞ്ചായത്തിലൂടെ ഒഴുകുന്നുണ്ട്. ആറ് കുളങ്ങളും, 29 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ മറ്റ് പ്രധാന ജലസ്രോതസ്സുകള്‍. പൊന്നിടിഞ്ഞിക്കുന്ന്, അരീക്കല്‍കുന്ന് തുടങ്ങി 14 ഓളം കുന്നുകള്‍ പഞ്ചായത്തിലുണ്ട്. ശുദ്ധജലത്തിനായി ഇവിടുത്തെ 42 പൊതുകുടിവെള്ളടാപ്പുകളെ പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നു. പഞ്ചായത്തിലെ രാത്രികാലയാത്രകളെ സഞ്ചാരയോഗ്യമാക്കുവാന്‍ നിരവധി തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ വിമാനത്താവളമാണ്. ട്രെയിന്‍ യാത്രകള്‍ക്കായി ഇവിടുത്തെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ തലശ്ശേരി റെയില്‍വേസ്റ്റേഷനെയാണ്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള തുറമുഖം ബേപ്പൂരാണ്. പാനൂര്‍ ബസ് സ്റ്റാന്റിലാണ് പ്രധാനമായും ഇവിടുത്തെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പാനൂര്‍-നാദാപുരം സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പുത്തൂര്‍ പാലം, പൊങ്ങോട്ട് പാലം, കെടാരിപാലം, ഓട്ടാണിപാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. കയര്‍ നിര്‍മ്മാണം, പപ്പടനിര്‍മ്മാണം പോലുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള പഞ്ചായത്താണിത്. ചെറുകിട വ്യവസായരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ് പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികള്‍. പഞ്ചായത്തിലെ ഏക പെട്രോള്‍ പമ്പ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റേതാണ്. പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ 14 റേഷന്‍കടകളും, ഒരു മാവേലിസ്റ്റോറും, ഒരു നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ വാണിജ്യമേഖല തൂവക്കുന്ന്, പാറാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോപ്ളക്സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്നു. കല്ലിക്കണ്ടി അയ്യപ്പക്ഷേത്രം, പാടിക്കുന്ന് അമ്പലം തുടങ്ങി 32 ക്ഷേത്രങ്ങളും കല്ലറക്കല്‍ പള്ളി, ചിറ്റാരിത്തോട് പള്ളി തുടങ്ങി 20 മുസ്ളീം പള്ളികളും കുന്നോത്തുപറമ്പ് പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയില്‍ ചെണ്ടയാട് പ്രാഥമിക ആരോഗ്യകേന്ദ്രവും, തൂവക്കുന്നില്‍ ആയുര്‍വേദ, ഹോമിയോ ഡിസ്പന്‍സറികളും പ്രവര്‍ത്തിക്കുന്നു. പി.എച്ച്.സി ഉപകേന്ദ്രങ്ങള്‍ കണ്ണങ്കോട്, കുന്നോത്തുപറമ്പ്, പുത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. മൃഗസംരക്ഷണത്തിനായി പുത്തൂരില്‍ മൃഗാശുപത്രിയും, ചെറുപറമ്പ്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുണ്ട്. സ്വകാര്യമേഖലയില്‍ 25 സ്ക്കൂളുകളും സര്‍ക്കാര്‍മേഖലയില്‍ മൂന്ന് സ്ക്കൂളുകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാറാടുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയും സഹകരണമേഖലയിലെ നാല് ബാങ്കുകളും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ സാമ്പത്തികമേഖല. പഞ്ചായത്തു നിവാസികളുടെ വായനാശീലത്തിന് പ്രോല്‍സാഹനമായി ആറ് ഗ്രന്ഥശാലകളും എട്ട് വായനശാലകളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏക കമ്മ്യൂണിറ്റിഹാള്‍ ശ്രീനാരായണ കമ്മ്യൂണിറ്റി ഹാളാണ്. ഇവിടുത്തെ വൈദ്യുതി ബോര്‍ഡ് ഓഫീസ് പാറാട്ട് സ്ഥിതി ചെയ്യുന്നു. കൊളവല്ലൂരിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ടെലഫോണ്‍ എക്സ്ചേഞ്ച് തൂവക്കുന്നിലാണുള്ളത്.